മലപ്പുറം: സ്ട്രോംഗ് റൂം തുറക്കാൻ നിർദേശം നൽകിയെന്ന മലപ്പുറത്തെ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽ മജീദിന്റെ ആരോപണത്തിൽ വിശദീകരണവുമായി കളക്ടർ വിനയ് ഗോയൽ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കളക്ടർ പറഞ്ഞു.
വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് പൂർത്തിയായ ശേഷം അതേ ദിവസം തന്നെ സീൽ ചെയ്തു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ അതത് മണ്ഡലങ്ങളുടെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റിയെന്ന് വിനയ് ഗോയൽ വ്യക്തമാക്കി.
പൂർണമായ വീഡിയോഗ്രഫി, സിസിടിവി സംവിധാനങ്ങളോട് കൂടി സീൽ ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര സായുധസേന ഉൾപ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിംഗ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലാതല ഇവിഎം വെയർ ഹൗസിലേക്ക് മാറ്റാറുള്ളത്. ഇത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണെന്നും വിനയ് ഗോയൽ കൂട്ടിച്ചേർത്തു.